കുടുംബകലഹം; ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചെടുത്തു; യുവതി ആശുപത്രിയിൽ
ഭോപ്പാല്‍ : കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അന്‍ജുമാന്‍ കോളനിയിലാണ് സംഭവം. ടീന എന്ന യുവതിക്കാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2008 ലാണ് ദിനേശും ടീനയും വിവാഹിതരായത്. രണ്ട് പെൺമക്കളുണ്ട്. ദിനേശ് തൊഴില്‍ രഹിതനാണെന്നും കടുത്ത മദ്യപാനിയാണെന്നും വിവാഹശേഷമാണ് ടീന അറിഞ്ഞത്. ഇതേച്ചൊല്ലി വഴക്കുണ്ടായിരുന്നെന്നും ദിനേശ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും ടീന പോലീസിനോട് പറഞ്ഞു.
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ടീന മക്കളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. വിവാഹമോചനത്തിനും ജീവനാംശം ലഭിക്കാനുമായി ദിനേശിനെതിരെ ടീന കേസും നല്‍കിയിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് ടീനയുടെ വീട്ടിലെത്തിയത്.
ഇതേച്ചൊല്ലിയുള്ള വഴക്കിനിടെ മക്കളുടെ മുന്നിൽ വെച്ചാണ് ദിനേശ് ടീനയുടെ മൂക്ക് കടിച്ചെടുത്തത്. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ടീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.