ഭാര്യയുടെ സ്‌കൂട്ടറിൽ ഹെൽമറ്റില്ലാതെ മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം യാത്ര; ഭർത്താവ് കുടിങ്ങി

ഭാര്യയുടെ സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മറ്റൊരു യുവതിയുമായി യാത്ര ചെയ്തു, പിഴയുടെ മെസേജ് വന്നത് ഭാര്യയുടെ ഫോണിൽ. തുടർന്നുണ്ടായ വഴക്കിൽ തന്നെയും കുഞ്ഞിനെയും മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. ഇയാളെ കോടതിയിൽ ഹാജരാക്കി. കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
യുവാവും ഒരു സ്ത്രീയും സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ പോകുന്നത് ക്യാമറയിൽ പതിഞ്ഞു. ഇതിന്റെ പിഴയും ചിത്രം ആർ സി ഉടമയായ ഭാര്യയുടെ ഫോണിലേയ്ക്കാണ് വന്നത്. തുടർന്ന് സ്‌കൂട്ടറിന് പിന്നിലിരിക്കുന്ന സ്‌ത്രീ ആരാണെന്ന് ചോദിച്ച് ഭാര്യ വഴക്കുണ്ടാക്കി. വഴി യാത്രക്കാരിയാണെന്നും ലിഫ്റ്റ് കൊടുത്തതാണെന്നും യുവാവ് പറഞ്ഞെങ്കിലും വഴക്ക് അവസാനിച്ചില്ല. തർക്കത്തിനിടെ തന്നെയും മൂന്ന് വയസുള്ള കുഞ്ഞിനെയും മർദ്ദിച്ചെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ഇടുക്കി സ്വദേശിയായ യുവാവിന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.