ഐഎസ്എൽ; ഹൈദരാബാദിന്‍റെ മുന്നിൽ മുട്ടുമടക്കി നോർത്ത് ഈസ്റ്റ്
ഗുവാഹത്തി: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്ക് മികച്ച തുടക്കം. എവേ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ബര്‍തതോമ്യു ഒഗ്ബെച്ചെ, ഹാളീചരണ്‍ നര്‍സാരി, ബോര്‍ജ ഹെരേര എന്നിവരാണ് ഹൈദരാബാദിനായി സ്കോർ ചെയ്തത്. ആദ്യപകുതിയിൽ ഒഗ്ബെച്ചെ ഒരു ഗോൾ നേടി ഹൈദരാബാദിന് ലീഡ് നൽകി. ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. 50-ാം മിനിറ്റിൽ ഒഗ്ബെച്ചെ പെനാൽറ്റി നഷ്ടപ്പെടുത്തുകയും 87-ാം മിനിറ്റിൽ ഒഗ്ബെച്ചെയുടെ ഷോട്ട് ബാറിൽ തട്ടുകയും ചെയ്തില്ലായിരുന്നുവെങ്കിൽ നോർത്ത് ഈസ്റ്റിന്‍റെ തോൽവി ഇതിലും വലുതാകുമായിരുന്നു. കളിയുടെ തുടക്കം മുതൽ പന്ത് കൈവശം വയ്ക്കുന്നതിലും പാസിംഗിലും ഹൈദരാബാദ് മുന്നിലായിരുന്നു. നോർത്ത് ഈസ്റ്റ് പിടിച്ചുനിന്നെങ്കിലും ഹൈദരാബാദ് ഗോൾകീപ്പറെ പിടിച്ചു കുലുക്കാൻ കഴിയുന്ന ഒരു ഷോട്ട് പോലും ലഭിച്ചില്ല.