സംസ്കരിക്കാൻ പണമില്ലാത്തതിനാൽ 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് കൊച്ചുമകൻ.
ഹൈദരാബാദ്: 93-കാരനായ മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഇരുപത്തിമൂന്നുക്കാരനായ കൊച്ചുമകൻ നിഖിൽ. തെലങ്കാനയിൽ വാറങ്കലിലെ പർകാലയിലാണ് സംഭവം. സംസ്കാരചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനാലാണ് മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നാണ് നിഖിൽ പോലീസിന് കൊടുത്ത മൊഴി.
മുത്തച്ഛൻ മരിച്ചതിന് ശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെക്കുകയുമായിരുന്നു. ദുർഗന്ധം വന്നതോടെ അയൽക്കാർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നിഖിലും മുത്തശ്ശനും താമസിച്ചിരുന്ന വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഫ്രിഡ്ജിനുള്ളിൽനിന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.
അന്തിമ സംസ്കാര ചടങ്ങുകൾ നടത്താൻ പണം ഇല്ലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും നിഖിൽ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മൂന്നുദിവസം മുൻപാണ് മുത്തശ്ശൻ മരിച്ചതെന്ന് നിഖിൽ പറഞ്ഞെന്നും പോലീസ് കൂട്ടിച്ചേർത്തു.
വാടകവീട്ടിലായിരുന്നു നിഖിലിന്റെയും മുത്തശ്ശന്റെയും താമസം. മുത്തശ്ശന് ലഭിച്ചിരുന്ന പെൻഷൻ കൊണ്ടായിരുന്നു ഇവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത് എന്നാണ് വിവരം. കുറച്ചു മുൻപ് മുത്തശ്ശന്റെ ആരോഗ്യം മോശമായി കിടപ്പിലാവുകയും പിന്നീട് മരിക്കുകയുമായിരുന്നു എന്നാണ് നിഖിൽ പോലീസിനോട് പറഞ്ഞത്.
ലഭിച്ചിരുന്ന പെൻഷൻ നിലയ്ക്കാതിരിക്കാൻ മുത്തശ്ശന്റെ മൃതദേഹം നിഖിൽ മനഃപൂർവം ഒളിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ദൂരുഹമരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.