കശ്മീർ ട്വീറ്റിനെ തള്ളി ഹ്യുണ്ടായ്; ഇന്ത്യൻ ദേശീയതയെ ആദരിക്കുന്നതായി സന്ദേശം
പാകിസ്താനി ഡീലറുടെ കശ്മീർ ട്വീറ്റ് വലിയ തോതിൽ തിരിച്ചടിയായതോടെ അതിനെ തളളിപ്പറഞ്ഞ് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കോർപറേഷൻ. പാകിസ്താനിലെ അംഗീകൃത ഡീലറാണ് ഹ്യുണ്ടായ് പാകിസ്താൻ ഒഫീഷ്യൽ എന്ന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്ന് കശ്മീർ വിഘടനവാദികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വലിയ തോതിലുളള കോലാഹലങ്ങൾക്കാണ് ഇത് ഇടയാക്കിയത്. ഹ്യുണ്ടായ് ബഹിഷ്കരണം ഒരു ക്യാമ്പയ്ൻ ആയി മാറിയതോടെ കമ്പനി അപകടം മണത്തു. അതേത്തുടർന്നാണ് ഡീലറുടെ ട്വീറ്റിനെ തളളിപ്പറഞ്ഞ് കമ്പനി രംഗത്തെത്തിയത്.
കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി തങ്ങൾ ഇന്ത്യൻ വിപണിയിൽ ഉണ്ടെന്നും ഇന്ത്യൻ ദേശീയതയെ അംഗീകരിക്കുന്ന നിലപാടാണ് ഏതുകാലത്തും തങ്ങൾക്കുള്ളതെന്നും സന്ദേശത്തിൽ പറയുന്നു. കമ്പനിയെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് മഹത്തായ രാജ്യത്തോടുള്ള സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വലിയ തോതിൽ വ്രണപ്പെടുത്തുന്നു.
ഹ്യുണ്ടായ് എന്ന ബ്രാൻഡിന്റെ രണ്ടാമത്തെ ഭവനമാണ് ഇന്ത്യയെന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് കമ്പനിയുടെ സന്ദേശം. വിവേചനരഹിതമായ ആശയവിനിമയത്തോട് സഹിഷ്ണുതയില്ലാത്ത നയമാണ് തങ്ങൾക്കുള്ളതെന്നും അത്തരം വീക്ഷണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും സന്ദേശത്തിൽ പറയുന്നു.