ഞാനൊരു പഴയ കവിയാണ്, എൻ്റെ കയ്യില്‍ പുതിയതൊന്നും ഇല്ല; എഴുതിയില്ല എന്നുകരുതി ആര്‍ക്കും ഒരു നഷ്ടവുമില്ല'

സീരിയലില്‍ അഭിനയിക്കുന്നു എന്നതിൻ്റെ പേരില്‍ കവിതയെഴുത്ത് കുറച്ചു എന്ന വിമര്‍ശനങ്ങളെ കടുത്ത ഭാഷയില്‍ തന്നെ നേരിട്ടിട്ടുള്ള കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. വീണ്ടും നേരിട്ട ഇത്തരമൊരു അനുഭവത്തെക്കുറിച്ച് ചുള്ളിക്കാട് പങ്കുവച്ച കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ:

'ഇന്നലെ പാതിരായ്ക്ക് സീരിയല്‍പണി കഴിഞ്ഞ് അവശനായി മുറിയില്‍ വന്നു കിടക്കുമ്പോള്‍ ഒരു അപരിചിതന്റെ ഫോണ്‍കാള്‍. ഗള്‍ഫില്‍നിന്ന് ഒരു കാവ്യാസ്വാദകനാണ്. അദ്ദേഹത്തിനു വലിയ ധാര്‍മ്മികരോഷം. ഞാന്‍ കവിത എഴുതാതെ സീരിയലില്‍ അഭിനയിക്കുന്നതില്‍. എൻ്റെ അധ:പതനത്തില്‍ അമര്‍ഷം. പുച്ഛം.

പതിവിനു വിപരീതമായി വിനയപൂര്‍വം ഞാന്‍ പറഞ്ഞു:

ഞാന്‍ എല്ലാ മലയാളികളുടെയും കവി അല്ല. എൻ്റെ സമാനഹൃദയരായ കുറച്ചുപേരുടെ മാത്രം കവിയാണ്. ഞാന്‍ കവിത എഴുതേണ്ടതും അവര്‍ വായിക്കേണ്ടതും എൻ്റെ മാത്രം ആവശ്യമാണ്. ഞാന്‍ എഴുതിയില്ല എന്നുകരുതി ആര്‍ക്കും ഒരു നഷ്ടവുമില്ല. എന്നേക്കാള്‍ എത്രയോ നന്നായി കവിതയെഴുതുന്ന പതിനായിരക്കണക്കിനു കവികളാണ് കേരളത്തിലുള്ളത്. ഭരണകൂടം നടത്തുന്ന സാഹിത്യ അക്കാദമിയില്‍നിന്ന് ജനങ്ങളുടെ നികുതിപ്പണം അവാര്‍ഡായി കൈപ്പറ്റുന്ന ഉന്നതരായ കവികളും ഇഷ്ടംപോലെ എഴുതുന്നുണ്ടല്ലൊ. അതിനാല്‍ വായനക്കാര്‍ക്ക് കവിതാദാരിദ്ര്യം ഒട്ടുമില്ല. മാത്രമല്ല, ഞാനൊരു പഴയ കവിയാണ്. എൻ്റെ ഭാവുകത്വം വളരെ പഴയതാണ്. ലോകത്തിന് ഏറ്റവും പുതിയതാണല്ലോ വേണ്ടത്. എന്റെ കയ്യില്‍ പുതിയതൊന്നും ഇല്ല.

താങ്കള്‍ എന്തിനാണോ നാട്ടില്‍ നിന്ന് അനീതികളോടു പൊരുതാതെ ഗള്‍ഫില്‍പോയി ജോലി ചെയ്യുന്നത്, അതേ കാര്യത്തിനാണ് ഞാന്‍ സീരിയലില്‍ പണിയെടുക്കുന്നത്. എൻ്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ നാട്ടുകാരോടും സര്‍ക്കാരിനോടും യാചിക്കേണ്ട അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.ഈ വസ്തുതകള്‍ മനസ്സിലാക്കി തല്‍ക്കാലം ഒന്നടങ്ങാന്‍ അപേക്ഷിക്കുന്നു. എനിക്കിനി അധികകാലം ഇല്ലല്ലൊ. അല്പംകൂടി ക്ഷമിക്കൂ'.

Related Posts