'നിങ്ങളെ എനിക്ക് മനസിലാവുന്നില്ല മിസ്റ്റർ'; മഴയെ ട്രോളി ട്രോളന്മാർ
തിരുവനന്തപുരം: മഴയും വെള്ളക്കെട്ടും വീണ്ടും രൂക്ഷമായതോടെ റോഡുകളും കുഴികളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. റോഡിലെ കുഴികളുടെ പ്രശ്നത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക് പോരും, തുടർന്ന് റോഡിൽ നടന്ന കുളിയും, കുഴിമന്തിയും സിനിമ പോസ്റ്ററുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഷയങ്ങളാണ്. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പങ്കുവച്ചതോടെയാണ് റോഡിലെ കുഴി വിവാദം താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഒരു പുതിയ പ്രശ്നവുമായി എത്തിയിരിക്കുകയാണ് ട്രോളൻമാർ. ഇടതടവില്ലാതെ പെയ്യുന്ന മഴയും വെള്ളക്കെട്ടുമാണ് ട്രോളൻമാരുടെ പുതിയ ഇര. എറണാകുളം നഗരത്തിലെ വെള്ളക്കെട്ട്, മഴയത്ത് കേരളത്തിലെത്തുന്ന മാവേലി, നിശ്ചലമായി കിടക്കുന്ന ഭാരതപ്പുഴ എന്നിവയെല്ലാം ട്രോളൻമാരുടെ ഭാവനയിൽ നർമ്മത്തിൽ കലർന്ന് വിരിയുന്നുണ്ട്. റോഡിലെ കുഴിയും , കനത്ത മഴയിൽ വരാനിരിക്കുന്ന സ്കൂൾ കോളജ് ആഘോഷങ്ങളും എന്തിന് ചക്രവാത ചുഴിയെ വരെ വെറുതെ വിടാൻ ട്രോളൻമാർ തയ്യാറാല്ല. പ്രമുഖ ട്രോൾ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന തമാശകൾ പ്രായഭേദമന്യേ നവ മാധ്യങ്ങളിൽ ചിരി പടർത്തുകയാണ്.