എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും; ആരാധകന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മേപ്പടിയാൻ. താരം ആദ്യമായി നിർമ്മിച്ച ചിത്രം എന്ന പ്രേത്യേകത കൂടി ചിത്രത്തിനുണ്ട്. അതിനാൽ തന്നെ മേപ്പടിയാൻ ഉണ്ണി മുകുന്ദന് ഏറെ പ്രിയപ്പെട്ടതാണ്. തിയറ്റർ റിലീസിന് പിന്നാലെ ആമസോൺ പ്രൈമിൽ എത്തിയതിനു ശേഷം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തെക്കുറിച്ച് ഇറങ്ങുന്ന അഭിപ്രായങ്ങളും മറ്റും താരം തന്റെ ഫേയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ മേപ്പടിയാനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'സർ, സർക്കാർ ഓഫിസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..’ എന്ന അടിക്കുറിപ്പോടെ ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫിസിൽ വന്ന് നിരാശനാകുന്ന ഒരു രംഗത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. അതിന് താഴെയാണ് തുടർച്ചയായി മേപ്പടിയാനെക്കുറിച്ച് പോസ്റ്റ് ഇടുന്നതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഒരു ആരാധകൻ എത്തിയത്. ‘ഇപ്പോഴും ഹാങ് ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം’ എന്നായിരുന്നു ഒരാളുടെ കമന്റ്.

തൊട്ടുപിന്നാലെ മറുപടിയുമായി ഉണ്ണി മുകുന്ദൻ എത്തി. “ഈ സിനിമ തിയേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നും, പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു.’– താരം കുറിച്ചു.

Related Posts