വിവിധ വാക്സിനുകൾ സ്വീകരിക്കുന്നത് കൂടുതൽ മെച്ചമെന്ന് ഐ സി എം ആർ.
ന്യൂഡൽഹി: ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഒരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് പഠനം. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ 18 പേർക്ക് ആദ്യത്തെ ഡോസ് കോവിഷീൽഡും രണ്ടാമത്തേത് കോവാക്സിനും തെറ്റി നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിൽ ഐ സി എം ആർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
മേയിലും ജൂണിലുമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഞായറാഴ്ചയാണ് ഐ സി എം ആർ പുറത്തുവിട്ടത്.
വെവ്വേറെ വാക്സിനുകൾ നൽകരുതെന്ന് ഐ സി എം ആർ നേരത്തേ മാർഗരേഖയിൽ പുറത്തിറക്കിയിരുന്നു. വാക്സിൻ കൂട്ടിക്കലർത്തി നൽകുന്നത് സുരക്ഷിതമല്ലെന്ന് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാക്സിനുകൾ കൂട്ടിക്കലർത്തൽ ഗുണംചെയ്യുമെന്നതിന് തെളിവായി ഡേറ്റ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒയിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
പഠനത്തിന് വിധേയരായ ആരിലും കുത്തിവെപ്പ് സ്വീകരിച്ച് 30 മിനുട്ടിനുള്ളിൽ ഗുരുതരപാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തില്ല. കുത്തിവെച്ച ഭാഗത്ത് സാധാരണവേദനമാത്രമാണ് എല്ലാവർക്കും ഉണ്ടായത്.
രണ്ട് വ്യത്യസ്തവാക്സിൻ സ്വീകരിച്ചവർക്ക് ആൽഫ, ബീറ്റ, ഡെൽറ്റ എന്നീ വൈറസ് വകഭേദങ്ങളെ ചെറുക്കാൻ കൂടുതൽ പ്രതിരോധശേഷിയുണ്ട്. വ്യത്യസ്ത വാക്സിൻ എടുത്തവരിൽ ഒരേ വാക്സിൻ എടുത്തവരിലേതിനുസമാനമായി സാധാരണപ്രശ്നങ്ങളേ കണ്ടുള്ളൂ. രണ്ടുതരം വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്നുമാത്രമല്ല, പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.
സാധാരണ ജലദോഷം പരത്തുന്ന അഡിനോ വൈറസിലേക്ക് കൊറോണ വൈറസിന്റെ രോഗഹേതുവായ 'സ്പൈക് പ്രോട്ടീനി'ന്റെ വേർതിരിച്ചെടുത്ത ജീനുകൾ കടത്തിയുണ്ടാക്കുന്ന വാക്സിൻ (കോവിഷീൽഡ്) ആദ്യവും വൈറസിനെ മുഴുവനായി നിർജീവമാക്കി തയ്യാറാക്കുന്ന വാക്സിൻ (കോവാക്സിൻ) രണ്ടാമതും നൽകുന്നത് ഒരേ തരത്തിലുള്ള വാക്സിനെക്കാൾ രോഗപ്രതിരോധശേഷി കൈവരിക്കാൻ പ്രയോജനപ്പെടും എന്നുമാണ് പുതിയ കണ്ടെത്തലുകൾ.