കർഷകർക്കായി തിരിച്ചറിയൽ കാർഡ്
ന്യൂഡൽഹി: കർഷകർക്ക് പന്ത്രണ്ടക്കമുള്ള സവിശേഷ നമ്പറും തിരിച്ചറിയൽ രേഖയും നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. കർഷകർക്ക് വിവിധ പദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം സുഗമമായി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര കൃഷിമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
കർഷകർക്കുള്ള പദ്ധതികൾ, വായ്പസൗകര്യം തുടങ്ങിയവയെല്ലാം തടസ്സമില്ലാതെ ലഭ്യമാക്കും. സംഭരണ നടപടികൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ഇത് സഹായകമാവും.
ഇതിനായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് തുടങ്ങി 11 സംസ്ഥാനങ്ങളിലെ വിവരശേഖരണം പൂർത്തിയായിക്കഴിഞ്ഞു. കേരളം, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലേത് വരുംമാസങ്ങളിൽ പൂർത്തിയാവും. രാജ്യത്തെ എട്ടുകോടി കർഷകരുടെ വിവരശേഖരം പൂർത്തിയായാൽ സവിശേഷ തിരിച്ചറിയൽസംഖ്യ നടപ്പാക്കും.
പി എം കിസാൻപോലുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി കർഷകരുടെ വിവരശേഖരണവും ലക്ഷ്യമിടുന്നതായി മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിവേക് അഗർവാൾ വ്യക്തമാക്കി.
പി എം കിസാൻ, സോയിൽ ഹെൽത്ത് കാർഡ്, ഫസൽ ബീമ യോജന തുടങ്ങിയ കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങളെല്ലാം നിലവിൽ സംസ്ഥാനങ്ങളിലെ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ മാസമാദ്യം നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ തിരിച്ചറിയൽ സംവിധാനത്തെക്കുറിച്ച് ചർച്ച നടന്നിരുന്നു. മന്ത്രാലയം അഞ്ചരക്കോടി കർഷകരുടെ വിവരം ശേഖരിച്ചതായും ഇത് എട്ടു കോടിയാക്കി വർധിപ്പിക്കുമെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ യോഗത്തിൽ അറിയിച്ചിരുന്നു.