കാശ്മീർ സുരക്ഷിതമെങ്കിൽ അമിത് ഷാ ജമ്മുവിൽനിന്ന് ലാൽ ചൗക്കിലേക്ക് നടക്കാത്തതെന്ത്: രാഹുൽ
ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ഇത് സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് യാത്ര ചെയ്യാത്തതെന്ന് രാഹുൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭാരത് ജോഡോ യാത്രയിൽ ധാരാളം ആളുകൾ പങ്കെടുത്തു. ആ യാത്ര രാജ്യത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകി. കോൺഗ്രസുകാരേക്കാൾ കൂടുതൽ സാധാരണക്കാരാണ് യാത്രയിൽ പങ്കെടുത്തത്. ഈ യാത്ര നേരിട്ട് എന്ത് ഫലമുണ്ടാക്കുമെന്ന് വ്യക്തമല്ല. രാഷ്ട്രീയ പാർട്ടികളും ജനങ്ങളും തമ്മിലുള്ള അന്തരം വർദ്ധിച്ചിരിക്കുകയാണ്. ഞാൻ ഇതിൽ ഒരു വ്യത്യാസം വരുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിപക്ഷം ഭിന്നപ്പെട്ടിരിക്കുകയാണ് എന്ന വാദം തെറ്റാണ്. പ്രതിപക്ഷ ഐക്യത്തിന് ചർച്ച വേണം." "ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം. മേഖലയിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും പതിവായി മാറിയിരിക്കുകയാണ് ഇവിടെ. കാര്യങ്ങൾ മെച്ചപ്പെട്ടെങ്കിൽ എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് നടക്കാൻ തയ്യാറാകാത്തത്? വളരെ സുരക്ഷിതമാണെങ്കിൽ, എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് യാത്ര ചെയ്യാത്തത്?" അദ്ദേഹം ചോദിച്ചു.