‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ’; ശപഥമെടുത്ത് യുവാവ്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ അദ്ദേഹം ചെരുപ്പ് ധരിക്കാതെയാണ് പദയാത്ര നടത്തുന്നത്. കോസ്റ്റ്യൂമുകളിൽ വ്യത്യസ്തനായ ഈ ചെറുപ്പക്കാരൻ ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പതാക വീശി ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുയോഗത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. പദയാത്രയെ വരവേൽക്കാൻ തെരുവുകളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്കിടയിലും ഇദ്ദേഹം ആവേശം സൃഷ്ടിക്കുകയാണ്. പണ്ഡിറ്റ് ദിനേശ് ശർമ്മ എന്ന ഹരിയാന സ്വദേശിയാണ് രാഹുൽ ഗാന്ധിക്കൊപ്പം കശ്മീർ വരെ ചെരുപ്പ് ധരിക്കാതെ പദയാത്രയിൽ പങ്കുചേരുന്നത്. ഇതിന് പിന്നിൽ ഒരു ശപഥവുമുണ്ട്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ മാത്രമേ താനിനി ചെരുപ്പ് ധരിക്കൂ എന്നാണ് ദിനേശ് ശർമ്മ ശപഥം ചെയ്തിരിക്കുന്നത്.