ആവശ്യമെങ്കിൽ കൃഷിക്കായി പീച്ചി ഡാമിൽ നിന്ന് ജലം ലഭ്യമാക്കും
കർഷകരുടെ ആവശ്യം മുൻനിർത്തി വരും ദിവസങ്ങളിലെ മഴ അനുസരിച്ച് ഡിസംബർ 15ന് ശേഷം പീച്ചി ഡാമിന്റെ ഇടത്-വലത് കനാലുകൾ തുറന്ന് കൃഷി ആവശ്യത്തിന് ജലവിതരണം നടത്താൻ തീരുമാനമായി. റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്ന പീച്ചി പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മഴ മൂലം കൃഷിക്കുണ്ടായ നാശനഷ്ടങ്ങളും അതിനോടനുബന്ധിച്ച കാര്യങ്ങളും കർഷക പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ, കൃഷി ഓഫീസർമാർ, കനാൽ കമ്മിറ്റി അംഗങ്ങളായ തെങ്ങാലഴി രാമചന്ദ്രൻ, ഡാൻസിൽ ജോസഫ്, വി എൻ രവീന്ദ്രൻ, പ്രഭാകരൻ, എം ജെ ഒലിവർ തുടങ്ങിയവർ പങ്കെടുത്തു.