ഒടിടിയുമായി മുന്നോട്ടുപോകാമെന്നാണെങ്കിൽ ആ വഴി പോകട്ടെ; താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഫിയോക് പ്രസിഡന്റ്
കഴിഞ്ഞ ദിവസമാണ് ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലീവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനെതിരെയാണ് തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് രംഗത്ത് വന്നിരിക്കുന്നത്. തിയറ്റർ റിലീസ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും താരവുമായി ഇനി സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ പറഞ്ഞു.
തിയറ്റര്‍ ഉടമകളുമായി കരാര്‍ ഉണ്ടാക്കിയതിന് ശേഷം ഒടിടി റിലീസ് തീരുമാനിച്ചത് വഞ്ചനയാണെന്ന് തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് പ്രസിഡന്റ് കെ വിജയകുമാര്‍. "ദുല്‍ഖറുമായും അദ്ദേഹത്തിന്റെ നിര്‍മാണ കമ്പനിയുമായും സഹകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പല സിനിമകളും ഒടിടിയില്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ നിയമപരമായി ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷെ ഇവിടെ (സല്യൂട്ട്സിനിമ) ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് ഒരു അറിയിപ്പും കൂടാതെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. അത് തിയറ്റര്‍ ഉടമകളോട് കാണിക്കുന്ന വഞ്ചനയാണ്", വിജയകുമാര്‍ പറഞ്ഞു.
കരിയറില്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന നിലയിലെത്തിക്കാന്‍ താരങ്ങള്‍ക്ക് വിലിയ പിന്തുണയാണ് തിയറ്ററുകള്‍ നല്‍കിയിട്ടുള്ളതെന്നും ഇപ്പോള്‍ താരങ്ങളാണ് പിന്തുണ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കേരളത്തിലെ തിയറ്റര്‍ ഉടമകള്‍ കടന്നുപോയത്. സിനിമകള്‍ ഒടിടിക്ക് നല്‍കുന്നു എന്ന് പറയുമ്പോള്‍ അത് നന്ദികേടാണ്", വിജയകുമാര്‍ പറഞ്ഞു.
ഒടിടി മാത്രം കൊണ്ട് മുന്നോട്ടുപോകാമെന്ന് താരങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ ആ വഴി പോകട്ടെയെന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു. "ദുല്‍ഖര്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒടിടിക്ക് നല്‍കട്ടെ. ഞങ്ങള്‍ക്ക് മോഹന്‍ലാലും മറ്റ് താരങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒടിടിക്ക് നല്‍കുന്നത് ഇനിയും തുടര്‍ന്നാല്‍ അപ്പോഴും നടപടിയുണ്ടാകും. ഇത് എല്ലാ നടന്മാര്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും ബാധകമാണ്. ഇതൊരു മുന്നറിയിപ്പാകട്ടെ", വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'സല്യൂട്ട്'. റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ് ആണ്. അരവിന്ദ് കരുണാകരൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.
വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. 'ഹേ സിനാമിക' എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. കുറുപ്പാണ് മലയാളത്തിൽ ദുൽഖറിൻറേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.