ഐഎഫ്എഫ്ഐ സത്യജിത് റേ ആജീവനാന്ത പുരസ്കാരം കാർലോസ് സുവാരയ്ക്ക്
പനജി: ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമഗ്ര സംഭാവനയ്ക്കുള്ള 'സത്യജിത് റേ ആജീവനാന്ത പുരസ്കാരം' സ്പാനിഷ് സംവിധായകൻ കാർലോസ് സുവാരയ്ക്ക്. സ്പാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് 90 കാരനായ സുവാര. ബെർലിൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബീർ അവാർഡും കാനിലെ മൂന്ന് അവാർഡുകളും ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ നേടിയ ചലച്ചിത്ര നിർമ്മാതാവും നടനുമാണ് സുവാര. ഗോവ ഫിലിം ഫെസ്റ്റിവലിൽ സുവാരയുടെ എട്ട് ചിത്രങ്ങളടങ്ങിയ റെട്രോസ്പെക്റ്റീവ് ഉൾപ്പെടുത്തിയിട്ടുണ്ട്. 20 മുതൽ 28 വരെയുള്ള ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി ഡീറ്റർ ബെർണർ സംവിധാനം ചെയ്ത ഓസ്ട്രിയൻ സിനിമയായ അൽമ ആൻഡ് ഓസ്കാർ പ്രദർശിപ്പിക്കും. ക്രിസ്റ്റോഫ് സംവിധാനം ചെയ്ത പെർഫെക്റ്റ് നമ്പർ ആണ് സമാപന ചിത്രം. ഈ വർഷത്തെ ഫെസ്റ്റിവലിന്‍റെ സ്പോട്‌ലൈറ്റ് രാജ്യമായി ഫ്രാൻസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 15 ഫ്രഞ്ച് സിനിമകളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്. പൃഥ്വി കൊനനൂരിന്റെ കന്നഡ ചിത്രം ഹദിനെലെന്തുവാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലെ ആദ്യ ചിത്രം. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ ചിത്രമായ ദ ചെല്ലോഷോയുടെ പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കെ വിശ്വനാഥന്‍റെ ശങ്കരാഭരണവും റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സത്യജിത് റേയുടെ ശത്‌രഞ്ജ് കെ ഖിലാഡി, ഗണശത്രു എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ആശാ പരേഖിന്‍റെ ബഹുമാനാർത്ഥം ആശാ പരേഖ് റെട്രോസ്പക്റ്റീവ് നടക്കും. തീസ്‌രി മൻസിൽ, ദോ ബദൻ, കട്ടീപതങ്ക് എന്നിവ പ്രദർശിപ്പിക്കും. മണിപ്പൂരി സിനിമയുടെ സുവർണ ജൂബിലി വർഷത്തിന്‍റെ ഭാഗമായി 5 ഫീച്ചർ ഫിലിമുകളും 5 ഡോക്യുമെന്‍ററികളും പ്രദർശിപ്പിക്കും.