'ഇഹു' വകഭേദം; അമിത ആശങ്ക വേണ്ടെന്ന് പഠനം

ഐ എച്ച് യു അഥവാ ഇഹു വകഭേദം നിലവിൽ വലിയ തോതിലുള്ള വ്യാപനശേഷി പ്രകടമാക്കുന്നില്ലെന്നും അതിനാൽ അമിത ആശങ്കയ്ക്ക് ഇടയില്ലെന്നും ആദ്യഘട്ട പഠന റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ഒടുവിൽ ഫ്രാൻസിലാണ് ഇഹു റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ പഠന ഫലം അന്തിമമല്ലെന്നും പ്രാഥമിക സൂചനകൾ മാത്രമാണ് തരുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ഡൽറ്റ, ഒമിക്രോൺ വകഭേദങ്ങളേക്കാൾ അധിക തവണ ജനിതക വ്യതിയാനം സംഭവിച്ചതുമൂലം ഇഹുവിൻ്റെ കടന്നുവരവ് വലിയ ആശങ്കയാണ് ഉയർത്തിയത്. 46 തവണ ഉൾപരിവർത്തനം (മ്യൂട്ടേഷൻ) സംഭവിച്ചതിനാൽ അതീവ ഗുരുതര സ്വഭാവത്തിലുള്ള വൈറസാകാൻ ഇടയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മൂന്ന് ദിവസത്തെ ആഫ്രിക്കൻ യാത്രയ്ക്കിടെ കാമറൂൺ സന്ദർശിച്ച ആളിലാണ് ലോകത്ത് ആദ്യമായി ഇഹു വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന ഈയാഴ്ച ആദ്യം നൽകിയ പ്രസ്താവനയിലും ഇഹു വകഭേദത്തെ കുറിച്ചുള്ള അമിത ആശങ്കകൾക്ക് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയും യൂറോപ്പും അടക്കം ലോകമെങ്ങും മൂന്നാം തരംഗത്തിന് ഇടയാക്കിയ ഒമിക്രോൺ വകഭേദത്തിലാണ് നിലവിൽ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നത്.

Related Posts