ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലൈയിംഗ് ടാക്സിയുമായി ഐഐടി മദ്രാസ്

ചെന്നൈ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചത്. നഗര യാത്രകൾ വേഗത്തിലും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവോടിഎൽ) മോഡലാണ്. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ മൈലേജ് ഈ ഫ്ലൈയിംഗ് ടാക്സിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരു യാത്രയുടെ നിരക്ക് യൂബർ സാധാരണ ഒരേ ദൂരത്തിന് ഈടാക്കുന്നതിനേക്കാൾ രണ്ടിരട്ടി കൂടുതലായിരിക്കും. ഇലക്ട്രിക് ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമ്മിക്കാനുള്ള ആശയം ലഭിച്ചതെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു. ഇതിന് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മതി. ഏകദേശം 200 കിലോഗ്രാം ഭാരവും ഇതിനുണ്ട്. ഒരു സവാരിയിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാനും 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും സാധിക്കും.

Related Posts