'മേളത്രയങ്ങളു'ടെ ഇലഞ്ഞിത്തറ മേളം.

ദുബായ്: മേളത്രയങ്ങൾ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, പെരുവനം സതീശൻ മാരാർ എന്നിവർ നേതൃത്വം കൊടുക്കുന്ന ഇലഞ്ഞിത്തറ മേളം 'മ്മടെ തൃശ്ശൂർ പൂരം 2021' ന്റെ പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ ഇലഞ്ഞിത്തറ മേളം - പാണ്ടിമേളം പ്രവാസികൾക്ക് വേണ്ടി 'മ്മടെ തൃശ്ശൂർ പൂരം 2021' ൽ വൈകീട്ട് 3 മണിക്ക് ആരംഭിക്കും. പെരുവനം ഗോപാലകൃഷ്ണ പിഷാരടി, കല്ലൂർ ശബരി, പെരുവനം മുരളി പിഷാരടി, വെള്ളാങ്കല്ലൂർ അനൂപ്, വളപ്പായ നന്ദനൻ, കൊമ്പത്ത് അനിൽ, കുമ്മത്രാമൻ കുട്ടി, കൊമ്പത്ത് ശശിധരൻ, തൃക്കൂർ അനിൽ എന്നിവരെ കൂടാതെ തൃശ്ശൂരിൽ നിന്നും, യു എ യിൽ നിന്നുമുള്ള നൂറോളം വാദ്യ കലാകാരന്മാരും പൂരപ്പറമ്പിനെ കൊടുമ്പിരി കൊള്ളിക്കാൻ എത്തുമെന്ന് മ്മടെ തൃശ്ശൂർ യു എ ഇ ഭാരവാഹികൾ അറിയിച്ചു.