ഞാൻ കീവിൽ തന്നെയുണ്ട്, എവിടേക്കും പോയിട്ടില്ല; ലൊക്കേഷൻ ഷെയർ ചെയ്ത് സെലൻസ്കി

പോളണ്ടിലേക്ക് രക്ഷപ്പെട്ടെന്ന ആരോപണങ്ങൾ തള്ളി ഉക്രയ്‌ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. താൻ എങ്ങോട്ടും പോയിട്ടില്ലെന്നും ഉക്രയ്ന്റെ തലസ്ഥാന നഗരമായ കീവിലെ ഓഫീസിൽ തന്നെയുണ്ടെന്നും സെലൻസ്കി വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയിൽ സെലൻസ്കി ലൊക്കേഷൻ കൂടി പങ്കുവെച്ചിട്ടുണ്ട്.
എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കീവിൽ തന്നെയുണ്ടെന്നും ടീമിനൊപ്പം രാജ്യത്തെ പ്രതിരോധിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും സെലൻസ്‌കി പറഞ്ഞു. "ബാങ്കോവ സ്ട്രീറ്റിൽ ആണ് ഞാനുള്ളത്. ഒളിച്ചിരിക്കുന്നില്ല. ആരെയും ഭയപ്പെടുന്നില്ല," വീഡിയോയ്ക്ക് ഒപ്പമുള്ള അടിക്കുറിപ്പിൽ അദ്ദേഹം എഴുതി.
"ഞങ്ങൾ എല്ലാവരും ഗ്രൗണ്ടിലുണ്ട്. എല്ലാവരും ജോലി ചെയ്യുന്നു. എല്ലാവരും അവരവർ ഇരിക്കേണ്ട സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നു. ഞാൻ കീവിലാണ്. എന്റെ ടീം എന്നോടൊപ്പമുണ്ട്. സൈനികർ, ഡോക്ടർമാർ, രക്ഷാപ്രവർത്തകർ, ട്രാൻസ്പോർടർമാർ, നയതന്ത്രജ്ഞർ, പത്രപ്രവർത്തകർ...എല്ലാവരും. നാമെല്ലാവരും യുദ്ധത്തിലാണ്. നമ്മുടെ വിജയത്തിന് നാമെല്ലാവരും സംഭാവന ചെയ്യുന്നു. തീർച്ചയായും നാം വിജയം കൈവരിക്കും," ഉക്രേനിയൻ പ്രസിഡണ്ട് വീഡിയോയിൽ പറഞ്ഞു.