എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ല ; ആക്രമിക്കപ്പെട്ട നടി; കയ്യടിച്ച് സിനിമാലോകം

അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.

നടിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നഹത്തിന് നന്ദി.

അഞ്ചു വർഷത്തെ തന്റെ അതിജീവനത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടിക്ക് പിന്തുണയുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള യുവതാരനിര. നടിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ചുകൊണ്ടാണ് പൃഥ്വിരാജ് കുറിപ്പ് പങ്കുവച്ചത്. കൂടാതെ നടി മഞ്ജു വാര്യർ നടൻ കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

യുവനടിമാരിൽ നിരവധി പേരാണ് ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയത്. പാർവതി, റിമ കല്ലിങ്കൽ, അന്ന ബെൻ, ​ഗീതു മോഹൻദാസ്, സാനിയ ഇയ്യപ്പൻ, അഹാന കൃഷ്ണ, പൂർണിമ ഇന്ദ്രജിത്ത്, നൈല ഉഷ, സയനോര തുടങ്ങിയ നിരവധി പേർ അവൾക്കൊപ്പമെന്ന് കുറിച്ചു.

അതിജീവിച്ചവളെ ബഹുമാനിക്കുക. ഇതാണ് യഥാര്‍ത്ഥ ചങ്കൂറ്റം. ഇതാണ് യഥാര്‍ത്ഥ മാറ്റം. നാണക്കേട് അവളുടേതല്ല. ഒരിക്കല്‍ക്കൂടി വായിക്കൂ- എന്നാണ് അഞ്ജലി മേനോന്‍ കുറിച്ചത്. സംവിധായകന്‍ ആഷിക് അബുവും നടിക്ക് പിന്തുണയുമായി എത്തി.

Related Posts