ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു; കേരളത്തിൽ ആദ്യം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ലുലു മാളിലെ പിവിആർ സൂപ്പർപ്ലെക്സിൽ ഐമാക്സ് സ്ക്രീനിംഗ് ആരംഭിച്ചു. ഹോളിവുഡ് ചിത്രമായ അവതാർ ദി വേ ഓഫ് വാട്ടർ ആണ് ഉദ്ഘാടന ചിത്രം. അവതാർ റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ തിരുവനന്തപുരത്ത് ഐമാക്സ് ഉദ്ഘാടനം ചെയ്യുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. അതേസമയം കേരളത്തിലെ ആദ്യ ഐമാക്സ് റിലീസ് ദിവസം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. അവതാർ റിലീസ് ചെയ്ത് കുറച്ച് ദിവസമായെങ്കിലും ഐമാക്സിൽ സിനിമ കാണാൻ സിനിമാപ്രേമികളുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ച വരെയുള്ള മിക്ക ഷോകൾക്കും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളിൽ വലിയ തോതിലുള്ള ബുക്കിംഗ് ലഭിക്കുന്നു. യഥാക്രമം 1230 രൂപ, 930 രൂപ, 830 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലെ ആദ്യ ഐമാക്സ് തിരുവനന്തപുരത്തെ ലുലു മാളിൽ എത്തുമെന്ന് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, ഐമാക്സ് ഏഷ്യയിലെ തിയേറ്റർ സെയിൽസ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയേൽ ഒക്ടോബറിൽ ട്വിറ്ററിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു. കേരളത്തിൽ ഐമാക്സ് സ്ക്രീനുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രീതം തിരുവനന്തപുരത്തും കൊച്ചിയിലും സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ലുലു മാളിലെ ഐമാക്സ് കേരളത്തിലെ പ്രവർത്തനങ്ങളുടെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഐമാക്സ് സാധ്യതകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സെന്‍റർ സ്ക്വയർ മാളിലെ സിനിപോളിസ്, ലുലു മാളിലെ പിവിആർ തുടങ്ങിയ മൾട്ടിപ്ലക്സുകൾ സന്ദർശിച്ചു. ഐമാക്സ് തിയേറ്ററുകൾക്ക് അനുയോജ്യമായ നഗരമായും കൊച്ചി കണക്കാക്കപ്പെടുന്നു.