പടിയൂരിൽ മന്ത്രിയുടെ സന്ദർശനം: ഇടിഞ്ഞ കെഎൽഡിസി ബണ്ട് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടി
തൃശൂർ : പടിയൂരിൽ ഇടിഞ്ഞ കെഎൽഡിസി വടക്കേബണ്ട് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടിയെടുത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. പടിയൂർ പഞ്ചായത്തിലെ ചെട്ടിയാല്‍-കാട്ടൂര്‍ വഴിയിലെ കോതറ പാലത്തിന് സമീപമുള്ള കെഎല്‍ഡിസി വടക്കേ ബണ്ടാണ് ശക്തമായ മഴയിൽ ഇടിഞ്ഞത്. പഴയ കോതറ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി കെട്ടാതെ നിർത്തിയിരുന്ന ഭാഗമാണിത്. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തിലും മഴയിലും ബണ്ടില്‍ വെള്ളം ഉയരാൻ സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ടാണ് അടിയന്തര പ്രാധാന്യത്തോടെ ബണ്ട് പുനഃസ്ഥാപിക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി നടപടിയെടുത്തത്.
വിഷയത്തിൽ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടയുടൻ എത്രയും വേഗം ബണ്ട് കെട്ടാൻ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതോടെ കാട്ടൂര്‍ പഞ്ചായത്തിലെ തെക്ക് ഭാഗത്തുള്ള ജനവാസമേഖലയിലും പടിയൂർ പഞ്ചായത്തിലെ വടക്കേ അറ്റത്തുമാണ് ജലനിരപ്പ് വർദ്ധിക്കുക.
കെഎല്‍ഡിസി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പടിയൂര്‍ റെസ്‌ക്യൂ ടീമിന്റെ സഹകരണത്തോടെ മുളക്കുറ്റികൾ ഉപയോഗിച്ച് മണ്ണ് നിറച്ചാണ് ബണ്ട് താൽക്കാലികമായി സംരക്ഷിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് കെഎല്‍ഡിസി ബണ്ട് പൊട്ടി എടതിരിത്തി, കാട്ടൂര്‍ മേഖലയില്‍ വലിയ തോതില്‍ വെള്ളം കയറിയിരുന്നു. അന്ന് ഹരിപുരം ഭാഗത്താണ് ബണ്ട് പൊട്ടിയത്. മുരിയാട് കരുവന്നൂര്‍ കോള്‍ മേഖലയിലെ പാടശേഖരങ്ങളില്‍ നിന്നുള്ള മഴവെള്ളമാണ് കെഎല്‍ഡിസി ബണ്ട് വഴി ഒഴുകി വരുന്നത്.
മുകുന്ദപുരം തഹസില്‍ദാര്‍ ശ്രീരാജ് കുമാര്‍, കെഎൽഡിസി അസി. എൻജിനീയർ ഷാലിനി, ഇരിങ്ങാലക്കുട ഡി വൈ എസ് പി ബാബു കെ തോമസ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍, പടിയൂർ പഞ്ചായത്ത് സെക്രട്ടി ഷാജൻ, എടത്തിരുത്തി വില്ലേജ് ഓഫീസർ സിജു ജോസഫ്, മറ്റ് പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.