ഇമ്മിണി ബല്യ ഒന്ന് ! ആരാധകരെ കൈയിലെടുത്ത് ടൊവിനോയുടെ കുടുംബ ഫോട്ടോ
ഏഴാം വിവാഹ വാർഷിക ദിനത്തിൽ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു നില്ക്കുന്ന രസകരമായ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ്. അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം 'ഒന്ന് ' ആകൃതിയിൽ വരുന്ന മട്ടിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 'ഇമ്മിണി ബല്യ ഒന്ന് ' എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. ഭാര്യ ലിഡിയ മകനെ കൈയിലെടുത്തും മകൾ ടൊവിനോയുടെ ചുമലിൽ ചാഞ്ഞുമുള്ള ആകർഷകമായ കുടുംബ ചിത്രത്തിന് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സംയുക്ത മേനോൻ, അഹാന കൃഷ്ണകുമാർ, ഷഹബാസ് അമൻ, നമിത, സിതാര കൃഷ്ണകുമാർ, ഗിന്നസ് പക്രു തുടങ്ങി നിരവധി പേർ താരത്തിന് വിവാഹ വാർഷികാശംസകൾ നേർന്നിട്ടുണ്ട്.
അഡ്വക്കറ്റ് ഇല്ലിക്കൽ തോമസിൻ്റെയും ഷീല തോമസിൻ്റെയും മകനായ ടൊവിനോ തോമസ് എന്ന ഇരിങ്ങാലക്കുടക്കാരൻ 2012-ലാണ് സിനിമയിൽ എത്തുന്നത്. സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത 'പ്രഭുവിൻ്റെ മക്കൾ' ആണ് ആദ്യ ചിത്രം. പൃഥ്വിരാജ് നായകനായ 'എന്നു നിൻ്റെ മൊയ്തീൻ' എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകർ അംഗീകരിച്ചതോടെ ടൊവിനോയുടെ ഭാഗ്യം തെളിയുകയായിരുന്നു. മികച്ച സ്വഭാവനടനുള്ള ഫിലിം ഫെയർ അവാർഡും അതിൽ ലഭിച്ചു. 'ഗപ്പി', 'ഒരു മെക്സിക്കൻ അപാരത', 'മായാനദി', 'തീവണ്ടി', 'എൻ്റെ ഉമ്മാൻ്റെ പേര് ', 'ഒരു കുപ്രസിദ്ധ പയ്യൻ', 'ലൂസിഫർ', 'വൈറസ് ', 'ഉയരെ', 'ഫോറൻസിക് ', 'കള' തുടങ്ങി ഒരു കൂട്ടം ചിത്രങ്ങളിലൂടെ താരപദവിയിലേക്കാണ് നടൻ ഉയർന്നത്. ധനുഷിൻ്റെ 'മാരി 2' എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു.