ചാറ്റ്ജി.പി.ടിയുടെ സ്വാധീനം; 80% പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും ബാധിച്ചേക്കും

നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനിലെ പ്രധാന നിക്ഷേപകൻ മൈക്രോസോഫ്റ്റാണ്. ചാറ്റ്ജിപിടിയുടെ കഴിവിൽ അമ്പരന്ന പലരും ഭാവിയിൽ ഇത് മനുഷ്യൻ തന്നെ തലവേദനയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഓപ്പൺ എഐയിലെയും പെൻസിൽവാനിയ സർവകലാശാലയിലെയും ഗവേഷകർ തൊഴിൽ വിപണിയിൽ ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകളുടെ (എൽഎൽഎം) സ്വാധീനം പരിശോധിക്കാൻ ഒരു പഠനം നടത്തി. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങളുടെ ജനനം യുഎസിലെ 99 ശതമാനം തൊഴിലാളികളെയും ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് പഠനം പറയുന്നു. മൊത്തം തൊഴിലാളികളിൽ 80 ശതമാനം പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും എഐ ബോട്ടുകൾ കവർന്നെടുക്കും. അവശേഷിക്കുന്നതിൽ 19 ശതമാനം തൊഴിലാളികളുടെ തൊഴിലിന്റെ 50 ശതമാനത്തെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളുടെ നുഴഞ്ഞുകയറ്റം ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Related Posts