തളിക്കുളം ബ്ലോക്ക് പഞ്ചായത്തും വലപ്പാട് ഗ്രാമപഞ്ചായത്തും സംയുക്തമായി '250 കർഷകർക്ക് കാലിത്തീറ്റ വിതരണം' പദ്ധതി നടപ്പാക്കി
വലപ്പാട്: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റേയും നേതൃത്വത്തിൽ 250 ക്ഷീര കർഷകർക്ക് കരായവട്ടം ക്ഷീര സംഘത്തിൽവെച്ച് കാലിത്തീറ്റ വിതരണം ചെയ്തു. കൊവിഡാനന്ദരം ആളുകൾ ക്ഷീര കൃഷിയിലേയ്ക്ക് തിരിച്ചുവരുന്നുണ്ടെന്നും ക്ഷീര കർഷകർക്കുവേണ്ട പ്രോത്സാഹനങ്ങൾ നൽകുമെന്നും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിർവഹണ ഉദ്യോഗസ്ഥൻ സീനിയർ വെറ്ററിനറി സർജൻ ഡൊ.ശെൽവൻ സ്വാഗതം പറഞ്ഞു. ഒരു കർഷകന്റെ ഒരു പശുവിന് ഒരു മാസത്തിൽ രണ്ട് ചാക്ക് കാലി തീറ്റയും, ഒരു ചാക്കിനു 500 രൂപ നിരക്കിൽ സബ്‌സീഡി നൽകുന്നതുമായ നാല് മാസത്തെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പശുവിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് കർഷകന് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ അളവ് കൂട്ടണമെന്നാവിശ്യം ക്ഷീര കർഷകർ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖിനോട് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മല്ലിക ദേവൻ, വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തപതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത കാർത്തികേയൻ, വാർഡ് മെമ്പർ ജ്യോതി രവീന്ദ്രൻ എന്നിവർ ആശംസകളും കരായവട്ടം ക്ഷീര സംഘം പ്രസിഡണ്ട് ചിത്രഭാനു നന്ദിയും പ്രകാശിപ്പിച്ചു. വാർഡ് അംഗങ്ങളും ക്ഷീര കർഷകരും ജീവനക്കാരും പരിപാടിയിൽ സന്നിദ്ധരായിരുന്നു.