ഇറക്കുമതി കുതിച്ചുയർന്നു; ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ്
ന്യൂഡൽഹി: കയറ്റുമതി 1.15 ശതമാനം കുറയുകയും ഇറക്കുമതിയിൽ 37 ശതമാനത്തിന്റെ വർധനയുണ്ടാകുകയും ചെയ്തതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി വർധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മാറ്റവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ മാറ്റം. ഇന്ധനവില വർദ്ധനവും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇതിന് കാരണം. ഈ വർഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 7 ശതമാനം ഇടിഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ കയറ്റുമതി 33 ബില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇത് 33.38 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതി 45.09 ബില്യൺ രൂപയിൽ നിന്ന് 61.68 ബില്യൺ രൂപയായി ഉയർന്നു. ഇറക്കുമതി 37 ശതമാനം വർദ്ധിക്കുകയും വ്യാപാര കമ്മി 11.71 ബില്യൺ ഡോളറിൽ നിന്ന് 28.68 ബില്യൺ ഡോളറായി ഉയരുകയും ചെയ്തു. നടപ്പു സാമ്പത്തിക വർഷാവസാനത്തോടെ വ്യാപാരക്കമ്മി 250 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷാവസാനം ഇത് 192.4 ബില്യൺ ഡോളറായിരുന്നു. എണ്ണ ഇറക്കുമതിക്കായി രാജ്യം വലിയ തുക ചെലവഴിക്കുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 99 ബില്യൺ ഡോളർ എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചു. കഴിഞ്ഞ വർഷം 62 ബില്യൺ ഡോളറായിരുന്നു ചെലവ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 30 ശതമാനം വർദ്ധിച്ചു. കൽക്കരി ഇറക്കുമതി മൂന്നിരട്ടിയായി വർധിച്ചു. സ്വർണ ഇറക്കുമതിയിൽ 13 ശതമാനം ഇടിവുണ്ടായി.