സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി മെച്ചപ്പെട്ട സേവനം ഉറപ്പാക്കും: മന്ത്രി രാജൻ

തൃശ്ശൂർ: സ്മാർട്ട് വില്ലേജ് ഓഫീസുകൾ വഴി ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂമന്ത്രി

കെ രാജൻ. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, സ്മാർട്ട്‌ വില്ലേജ് ഓഫീസുകൾ എന്ന സർക്കാരിന്റെ ലക്ഷ്യം യാഥാർത്ഥ്യമാകാൻ പോവുകയാണ്. ഇതിന് വേണ്ട ഘട്ടം ഘട്ടമായുള്ള പ്രയത്‌നത്തിലാണ് റവന്യൂ വകുപ്പെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത്. ഭൂമി കൈവശം വയ്ക്കുന്നവർക്ക് പട്ടയം നൽകുകയെന്ന മഹത്തരമായ കാര്യമാണ് സർക്കാർ ചെയ്യുന്നത്.  പ്രതിസന്ധികളുടെ ചുവപ്പ് നാടയിൽ കുടുങ്ങാതെ എല്ലാ കൈവശക്കാർക്കും ഭൂമി നൽകാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി കൂട്ടിചേർത്തു.

വിവിധ ആവശ്യങ്ങളുമായി അതിരപ്പിള്ളി വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് ഇനി കാലതാമസമില്ലാതെ സേവനങ്ങൾ.  മികച്ച സൗകര്യങ്ങളോടെ അതിരപ്പിള്ളിയിൽ സ്മാർട്ട്‌ വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായി. അതിരപ്പിള്ളി പഞ്ചായത്ത്‌ ഓഫീസിനോട് ചേർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിനാണ് സ്വന്തമായി പുതിയ കെട്ടിടം ലഭിച്ചത്. സർക്കാർ പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പ്രവർത്തന സജ്ജമാകുന്നത്.

വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതോടെ  ഓഫീസ് സേവനങ്ങളെല്ലാം തന്നെ കമ്പ്യൂട്ടറൈസ്ഡ് രീതിയിലേയ്ക്ക് മാറും. ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാവും സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം. കുറഞ്ഞ സമയത്തിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യം. 

വെറ്റിലപാറയിൽ വിമുക്തഭട സഹകരണ കോളനി ലിമിറ്റഡ് സൊസൈറ്റിയിൽ നിന്ന് സൗജന്യമായി ലഭിച്ച  ആറര സെന്റ് സ്ഥലത്ത് ഇരുനിലകളിലായി 1700 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ കെട്ടിടം.

ഫ്രണ്ട് ഓഫീസ് സൗകര്യം, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം എന്നിവയാണ് ആദ്യ നിലയിൽ ഒരുക്കിയിട്ടുള്ളത്. വിശാലമായ റെക്കോർഡ് റൂമും സൗകര്യങ്ങളുമാണ് മുകളിലത്തെ നിലയിൽ സജ്ജീകരിക്കുക.

ചാലക്കുടി താലൂക്കിലെ പരിയാരം, എലിഞ്ഞിപ്ര ഗ്രൂപ്പ്‌ വില്ലേജുകളിൽ പരിയാരം വില്ലേജിൽ നിന്ന് വിഭജിച്ചാണ് അതിരപ്പിള്ളി വില്ലേജ് രൂപീകരിച്ചത്. അതിരപ്പിള്ളിയിലെ അരയ്കാപ്പ്, അടിച്ചിൽതൊട്ടി, വാച്ച്മരം തുടങ്ങിയ പതിനാല് ആദിവാസി ഊരുകൾ സ്ഥിതി ചെയ്യുന്നതും ഈ വില്ലേജ് പരിധിയിലാണ്. വെറ്റിലപ്പാറ മുതൽ തമിഴ്നാട് അതിർത്തി വരെ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ പരിധിയിൽ വരുന്നുണ്ട്.

ജില്ലാകലക്ടർ ഹരിത വി കുമാർ,  സനീഷ് കുമാർ ജോസഫ് എം എൽ എ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ടരുമഠത്തിൽ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജേഷ്, വൈസ് പ്രസിഡന്റ്‌ ആതിര ദേവരാജ്, ജില്ലാ പഞ്ചായത്ത്‌ അംഗം ജെനീഷ് പി ജോസഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷാന്റി ജോസഫ്, ചാലക്കുടി തഹസിൽദാർ ഇ എൻ രാജു തുടങ്ങിയവർ പങ്കെടുത്തു.

Related Posts