ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്സാണ് അറസ്റ്റ് ചെയ്തത്.
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് പി ടി ഐ. പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളിൽ ജാമ്യം തേടാനാണ് ഇമ്രാൻ ഖാൻ കോടതിയിലെത്തിയത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ്, തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.