പാകിസ്താനിൽ വന്‍ സമ്മര്‍ദ്ദ തന്ത്രം പ്രഖ്യാപിച്ച് ഇമ്രാന്‍ ഖാന്‍
റാവല്‍പിണ്ടി: പാകിസ്താനിൽ തന്‍റെ പാര്‍ട്ടിയിലെ മുഴുവന്‍ ജനപ്രതിനിധികളും രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റാവൽപിണ്ടിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു തെഹ്‌രീകെ ഇൻസാഫ് നേതാവ്. ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ചിനിടെ വെടിയേറ്റതിന് ശേഷം നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്. ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന് വേഗത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തുവാനായി ഇസ്ലാമാബാദിലേക്ക് മാർച്ച് നടത്തുന്നതിന് പകരം പ്രവിശ്യാ അസംബ്ലികളിൽ നിന്ന് രാജിവയ്ക്കാൻ തന്‍റെ പാർട്ടി തീരുമാനിച്ചതായി ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞിരുന്നു. സൈന്യത്തിന്‍റെ ശക്തമായ സാന്നിധ്യമുള്ള ഗാരിസൺ സിറ്റിയിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഈ മാസം ആദ്യം തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നിൽ "മൂന്ന് കുറ്റവാളികൾ" ഉണ്ടെന്നും ഇമ്രാന്‍ ആരോപിച്ചു. അവര്‍ വീണ്ടും തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും ഇമ്രാന്‍ സൂചിപ്പിച്ചു.