അറസ്റ്റെന്ന വാദം തികച്ചും നാടകം, തട്ടിയെടുത്തു കൊല്ലുകയാണ് ലക്ഷ്യം: ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നതാണ് പാക് പൊലീസിന്‍റെ യഥാർത്ഥ ലക്ഷ്യമെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തോഷാഖാന കേസിൽ അഴിമതി വിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ലാഹോറിലെത്തിയ പൊലീസ് സംഘത്തെ അനുയായികൾ തടഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇമ്രാനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പാക് പൊലീസിനെ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വിറ്ററിൽ രംഗത്തെത്തിയത്. "അറസ്റ്റ് ചെയ്യാനെന്ന പൊലീസിന്‍റെ അവകാശവാദം തികഞ്ഞ നാടകമാണ്. തട്ടിയെടുത്ത് കൊല്ലുകയാണ് യഥാർത്ഥ ലക്ഷ്യം. കണ്ണീർ വാതകത്തിനും ജലപീരങ്കിക്കും ശേഷം ഇപ്പോൾ വെടിവയ്പ്പിലേക്ക് എത്തിയിരിക്കുകയാണ്," ഇമ്രാൻ ട്വീറ്റ് ചെയ്തു. വെടിയുണ്ടകളുടെ ചിത്രവും ഇമ്രാൻ പുറത്തുവിട്ടു. അതേസമയം, ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പാകിസ്ഥാൻ റേഞ്ചേഴ്സും പാകിസ്ഥാൻ പൊലീസിനൊപ്പം ചേർന്നു. ലാഹോറിലെ ഇമ്രാൻ ഖാന്‍റെ വസതിക്ക് സമീപം ഇരുവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലാഹോറിലെ ഖാന്‍റെ വസതിയിലേക്ക് പോയ പൊലീസിന് നേരെ കല്ലേറുണ്ടായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുവശത്തും നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് സംഘത്തെ നയിച്ച ഇസ്ലാമാബാദ് ഡിഐജി ഷഹ്സാദ് ബുഖാരിക്കും പരിക്കേറ്റു. തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് വരുന്നതെന്നും തടയാൻ രംഗത്തിറങ്ങണമെന്നും ഇമ്രാൻ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. "എന്നെ അറസ്റ്റ് ചെയ്താൽ രാജ്യം ഉറങ്ങുമെന്നാണ് അവർ കരുതുന്നത്. അത് തെറ്റാണെന്ന് തെളിയിക്കണം" താൻ കൊല്ലപ്പെട്ടാലും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Related Posts