2022ലും ഇഷ്ട വിഭവം ബിരിയാണി; കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി
ഏതൊക്കെ പുതിയ വിഭവങ്ങൾ അവതരിപ്പിച്ചാലും ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ സ്നേഹം ഒട്ടും കുറയില്ല. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ മിക്ക ഇന്ത്യക്കാരും ഇഷ്ടപ്പെടുന്ന വിഭവമാണ് ബിരിയാണി. ഇപ്പോൾ, ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗി 2022 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടു. തുടർച്ചയായ ഏഴാം വർഷവും ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയാണ്. ഒരു മിനിറ്റിൽ 137 ബിരിയാണി ഓർഡർ ലഭിച്ചതായി സ്വിഗ്ഗി വെളിപ്പെടുത്തി. രണ്ടാം സ്ഥാനത്ത് മസാല ദോശയും മൂന്നാമത് സമൂസയും ഇടം പിടിച്ചു. 2021 ൽ, സ്വിഗ്ഗിയിലൂടെ മിനിറ്റിൽ ശരാശരി 115 ബിരിയാണികൾ ഓർഡർ ചെയ്തപ്പോൾ, 2022ൽ ഇത് മറികടന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. വിദേശ വിഭവങ്ങളായ സുഷി, മെക്സിക്കൻ ബൗള്‍സ്, കൊറിയൻ സ്‌പൈസി രാമൻ, ഇറ്റാലിയൻ പാസ്ത എന്നിവയ്ക്കും ഡിമാൻഡ് ഉണ്ടായിരുന്നെന്ന് സ്വിഗ്ഗിയുടെ വാർഷിക ട്രെൻഡ്സ് റിപ്പോർട്ടിൽ പറയുന്നു.