ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രം പ്രവേശനം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം: കടുപ്പിച്ച് അബുദാബി
അബുദാബി: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. കൊവിഡ് ഗ്രീന്‍ പാസ് കിട്ടിയവര്‍ക്ക് മാത്രമേ നഗരത്തില്‍ പ്രവേശനാനുമതി നല്‍കുകയുള്ളുവെന്ന് സര്‍ക്കാരിന്റെ ഹെല്‍ത്ത് ആപ്ലിക്കേഷനില്‍ പറയുന്നു.
അബുദാബിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൊവിഡ് നെഗറ്റീവ് ആയതിന്റെ സര്‍ട്ടിഫിക്കറ്റും കാണിക്കണം. കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ദുബൈയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടില്ല.
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യു എ ഇ. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അതേസമയം, കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് യു എ ഇയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.