അമേരിക്കയിൽ കുട്ടികളിലെ ഒമിക്രോൺ വ്യാപനം ആശങ്കാജനകമെന്ന് റിപ്പോർട്ടുകൾ

ഒമിക്രോൺ കേസുകൾ നാൾക്കുനാൾ ഉയരുന്നതിനിടെ ആശങ്ക ഉയർത്തി കുട്ടികളിലെ വൈറസ് ബാധ. കുട്ടികളുടെ ആശുപത്രി പ്രവേശനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നതായി ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

18 വയസ്സിനും താഴെ പ്രായമുള്ള കുട്ടികളുടെ ആശുപത്രി പ്രവേശനത്തിൽ നാലിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 50 ശതമാനം പേരും വാക്സിനേഷന് സാധ്യതയില്ലാത്ത 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.

അമേരിക്കയിലെ പ്രതിദിന ഒമിക്രോൺ വ്യാപനം ആശങ്കാജനകമായ നിലയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം ശരാശരി 1,90,000-ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ വിശകലനം അനുസരിച്ച് വരും ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരാനാണ് സാധ്യത.

കൊവിഡ് ടെസ്റ്റിങ്ങിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആൻ്റണി ഫൗച്ചി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആവശ്യത്തിന് ടെസ്റ്റിങ്ങ് നടക്കുന്നില്ല. ജനുവരിയോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് പറയപ്പെടുന്നത്.

Related Posts