ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍ ഈ മാസം 29ന് പുറത്തിറക്കും

ന്യൂഡല്‍ഹി: പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ് 29ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുറത്തിറക്കുക.
ലോകത്തെ ആദ്യ ഭാരത് സ്റ്റേജ് സിക്സ് ഇലക്ട്രിഫൈഡ് ഫ്ളക്‌സ് ഫ്യുവല്‍ വെഹിക്കിള്‍ ആയിരിക്കും ഇത്. നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന ടൊയോട്ടയുടെ ഇന്നോവ കാര്‍ ചൊവ്വാഴ്ച താന്‍ പുറത്തിറക്കുമെന്ന് ഗഡ്കരി ഒരു പരിപാടിക്കിടെയാണ് പറഞ്ഞത്. 2004ല്‍ രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചതിന് ശേഷമാണ് ബയോഫ്യുവല്‍സിനെ കുറിച്ച് താന്‍ ചിന്തിക്കാന്‍ തുടങ്ങിയതെന്നും ഗഡ്കരി പറഞ്ഞു.
‘ബ്രസീലില്‍ താന്‍ നടത്തിയ സന്ദര്‍ശനവും ഇതിന് പ്രേരണയായി. ജൈവഇന്ധനത്തിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും. കൂടാതെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് മൂലമുള്ള ഇറക്കുമതി ചെലവ് കുറയ്ക്കാനും ഇത് വഴി സാധിക്കും’, ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു.