ഐഎസ്എൽ; രണ്ടാം ജയം, ബെംഗളൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാൾ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ ജയം. ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവയാണ് ടീമിനായി വിജയഗോൾ നേടിയത്. ഈ വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ടൂർണമെന്‍റിൽ ടീമിന്‍റെ രണ്ടാം ജയമാണിത്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റാണ് ഈസ്റ്റ് ബംഗാളിനുള്ളത്. എന്നാൽ തുടർച്ചയായ മൂന്നാം തോൽവിയോടെ ബെംഗളൂരു പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റാണ് ടീമിനുള്ളത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ബെംഗളൂരുവിന് ജയിക്കാനായില്ല. സുനിൽ ഛേത്രി, റോയ് കൃഷ്ണ, ജാവിയർ ഹെർണാണ്ടസ്, സന്ദേശ് ജിങ്കൻ എന്നിവർ ഉണ്ടായിരുന്ന ബെംഗളൂരുവിനെ ഈസ്റ്റ് ബംഗാൾ വെള്ളം കുടിപ്പിച്ചു.