ഹൃദയം തൊട്ട് നാലാം ദിനം: സന്ദര്‍ശകരായി വിശിഷ്ടാതിഥികള്‍

അമ്മമാരുടെ സ്‌നേഹത്തിന്റെ തീവ്രതയും തരളതയും പല പല കഥകളിലൂടെ ആവിഷ്‌കരിച്ചപ്പോള്‍ ഇറ്റ്‌ഫോക്ക് നാലാം ദിനത്തില്‍ നാടക പ്രേമികളുടെ ഹൃദയം തൊട്ട നാടകമായി അലി ചാഹ്രോറിന്റെ ടോള്‍ഡ് ബൈ മൈ മദര്‍. സംഗീതവും നൃത്തവും കൂടിച്ചേര്‍ന്ന ദൃശ്യചാരുത ഏവരുടെയും മനം കവര്‍ന്നു.
മൂന്നാം ദിവസം അരങ്ങിലെത്തിയ ബ്ലാക്ക് ഹോളും മായാബസാറും നാലാം ദിനത്തിലും കാണികളെ സ്വന്തമാക്കി. പുതിയ ചിന്തകള്‍ ഉണര്‍ത്തിയ പരീക്ഷണ നാടകം ബ്ലാക്ക് ഹോളിനും 137 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള സുരഭി തിയേറ്റര്‍ കമ്പനിയുടെ (സുരഭി നാടക സംസ്ത) പ്രശസ്തമായ നാടകം മായാബസാറും വീണ്ടും അരങ്ങില്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്.
വിശിഷ്ടാതിഥികളെ കൊണ്ടും നാലാം ദിനം സമ്പന്നമായിരുന്നു. കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, സാഹിത്യ അക്കാദമി ചെയര്‍മാനും കവിയുമായ കെ സച്ചിദാനന്ദന്‍, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം വി നാരായണന്‍ തുടങ്ങി നിരവധി പ്രമുഖരാണ് നാടകോത്സവത്തിന്റെ ഭാഗമായത്. മല്ലികാ സാരാഭായിയും കെ സച്ചിദാനന്ദനും ടോള്‍ഡ് ബൈ മൈ മദര്‍ നാടകം കണ്ടതിന് ശേഷമാണ് മടങ്ങിയത്. ലക്ഷദ്വീപ് സംസ്‌കാരത്തിന്റെ തനിമ ചോരാത്ത ഗാനാവതരണം സമ്മാനിച്ച പുള്ളിപറവ സംഗീതനിശയും വേറിട്ട അനുഭവമായി.
ബ്ലാക്ക് ഹോള്‍ നാടക സംവിധായകന്‍ ജ്യോതി ഡോഗ്രയും ആര്‍ട്ടിക്കിന്റെ അണിയറ പ്രവര്‍ത്തകരുമാണ് ആര്‍ട്ടിസ്റ്റ് ഇന്‍ കോണ്‍വര്‍സേഷന്റെ ഭാഗമായത്. ആര്‍ട്ടിസ്റ്റ് സീനിക് ഗാലറിയില്‍ സൗത്ത് ആഫ്രിക്കന്‍ തീയേറ്ററിന്റെ പരിണാമത്തെ പറ്റി പ്രൊഫസര്‍ അറി സിതാസ് നടത്തിയ പൊതുപ്രഭാഷണവും ശ്രദ്ധേയമായി. അധിനിവേശ കാലഘട്ടം മുതല്‍ സമകാലിക കാലം വരെ സൗത്ത് ആഫ്രിക്കന്‍ നാടക പ്രസ്ഥാനങ്ങള്‍ കടന്നുപോയ മാറ്റങ്ങളും ആഫ്രിക്കയിലെ നാടകൃത്തുക്കള്‍ നല്‍കിയ സംഭാവനകളും പ്രഭാഷണത്തില്‍ വിശദീകരിച്ചു. ഇറ്റ്‌ഫോക്കിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ച ട്രാവല്‍ ഡെസ്‌ക്കും ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ഡെസ്‌ക്കും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അലോപ്പൊതി, ഹോമിയോ, ആയുര്‍വേദം വിഭാഗങ്ങളും അത്യാവശ്യ സന്ദര്‍ഭത്തിനായി ആംബുലന്‍സ് സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.