ലോറസ് പുരസ്കാരം; മിന്നിത്തിളങ്ങി മെസി
പാരീസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് 2023-ലെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസി സ്വന്തമാക്കുന്നത്. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു.
പിഎസ്‌ജിയിലെ സഹതാരം കിലിയൻ എംബപ്പെ, ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ, ഫോർമുല വൺ ചാംപ്യൻ മാക്സ് വെഴ്സ്റ്റപ്പൻ, എൻബിഎ താരം സ്റ്റീഫ് കറി, പോൾവോൾട്ട് വിസ്മയം മോൺടോ ഡുപ്ലാന്‍റിസ് തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മെസ്സി നേട്ടത്തിലെത്തിയത്.