മധ്യപ്രദേശിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മധ്യപ്രദേശ്: മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയതായും ആരോപണം. ഒരു ബെർത്ഡേ പാർട്ടിക്കിടെയാണ് സംഭവം നടന്നതെന്ന് വനിതാ പൊലീസ് കോൺസ്റ്റബിൾ നൽകിയ പരാതിയിൽ പറയുന്നു. കുറ്റാരോപിതനായ വ്യക്തിയുടെ അമ്മയും മറ്റൊരാളും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
ഈ മാസം ആദ്യമാണ് പീഡനം നടന്നത്. പരാതി നൽകിയത് സെപ്റ്റംബർ 11 നാണ്. കുറ്റാരോപിതനായ വ്യക്തിയുടെ അമ്മയും സഹോദരനും സുഹൃത്തും ബന്ധുവും അടക്കം അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസി പി ടി ഐ റിപ്പോർട്ടു ചെയ്യുന്നു.
ഫേസ്ബുക്കിലൂടെയാണ് പ്രതി പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. വാട്സാപ്പിലൂടെ സുഹൃത്തുക്കളായി. ഇളയ സഹോദരന്റെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവെച്ചാണ് അയാളും സഹോദരനും സുഹൃത്തും കൂടി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ അമ്മയെയും മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.