കെ ടി യുടെ ഓർമയിൽ പ്രഭാവതി ഇറ്റ്ഫോക്കിൽ

കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി പ്രഭാവതിക്ക് ഇറ്റ്ഫോക്ക് നൽകുന്നത് ഒരു രണ്ടാമൂഴമാണ്‌. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ നാടക തട്ടിൽ വീണ്ടു കേറുകയാണ്. ഇറ്റ്ഫോക്ക് കവാടം കടന്ന് കാണുന്ന കെ ടി മുഹമ്മദിന്റെ വലിയ ചിത്രത്തിലേക്ക് നോക്കുമ്പോൾ തന്റെ പോയ കാലത്തെ മികച്ച നിമിഷങ്ങളിലേയ്ക്ക് കൂടിയാണ് ഈ കലാകാരി തിരിഞ്ഞു നോക്കുന്നത്.

കെ ടി മുഹമ്മദിന്റെ അനേകം നാടകങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിയാണ് പ്രഭാവതി. കെ ടി യുടെ ഒട്ടുമിക്ക നാടകങ്ങളും അവർ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അമേച്വര്‍ നാടകങ്ങളിൽ നിന്ന് തുടങ്ങി തന്റെ ഇരുപതാം വയസിലാണ് പ്രഭാവതി വിൽ‌സൺ സാമുവലിന്റെ സംഗമം തീയേറ്റേഴ്സിൽ എത്തുന്നത്. "ഒറ്റപ്പെട്ടവന്റെ ശബ്ദം" ആയിരുന്നു ആദ്യ നാടകം. തുടർന്ന് അനേകം നാടകങ്ങളിൽ അവർ പ്രധാന കഥാപാത്രമായും സഹനടിയായും അരങ്ങത്ത് വന്നു. നാടകനടൻ വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ, കലിംഗ തീയേറ്റർസ് എന്നിങ്ങനെ നിരവധി ട്രൂപ്പുകളിലെ കലാകാരന്മാരോടൊപ്പം അഭിനയിക്കാനും അവർക്ക് സാധിച്ചു. കെ ടിയുടെ 'സാക്ഷാല്‍ക്കാരം' എന്ന നാടകത്തിൽ വിക്രമൻ നായരുടെ ഒപ്പം പ്രധാന കഥാപാത്രമായി അഭിനയിച്ചതും, 'ഇത് ഭൂമിയാണ്' നാടകത്തിന്റെ അൻപതാം വാർഷികത്തിൽ നിലമ്പൂർ ആയിഷയോടൊപ്പം അഭിനയിക്കാൻ സാധിച്ചതും തന്റെ നാടക ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളായി പ്രഭാവതി ഓർമ്മിക്കുന്നു.

കെ ടി മുഹമ്മദ് എഴുതിയ നാടകങ്ങളിലെ വിപ്ലാവാഗ്നി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്ന് പ്രഭാവതി പറയുന്നു. മത സമുദായങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെ, മുസ്ലീം സ്ത്രീകൾ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ കെ ടിയുടെ നാടകങ്ങൾ ഇന്നും കാലാതീതമായി നിലനിൽക്കുന്നു എന്നും അവർ പറയുന്നു.

കെ ടിയെ ഇപ്പോഴും ഗുരുതുല്യ സ്ഥാനത്താണ് പ്രഭാവതി കാണുന്നത്. നാട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ, മനുഷ്യ സ്‌നേഹി, യഥാർത്ഥ വിപ്ലവമെന്തെന്ന് പഠിപ്പിച്ച മനുഷ്യൻ അങ്ങനെ നിരവധി അടരുകൾ ഉള്ള വ്യക്തിത്വമാണ് കെ ടി മുഹമ്മദ്‌. സംഗമം തിയറ്റേഴ്‌സ് വിട്ട ശേഷം കുതിരവട്ടം പപ്പുവിന്റെ തീയേറ്റർ ഗ്രൂപ്പിൽ ചേർന്നു, അവരുടെ വാസ്കോ ഡി ഗാമ നാടകത്തിൽ നല്ലൊരു വേഷം ചെയ്യാനും അവർക്ക് കഴിഞ്ഞു.

രാധാകൃഷ്ണനുമായുള്ള കല്യാണത്തിന് ശേഷം നാടകത്തട്ടിൽ നിന്ന് പതിയെ പിൻവാങ്ങി, വീടിന്റെ അകത്തളങ്ങിലേക്ക്. തുടർന്ന് പതിനഞ്ചു വർഷത്തെ ഇടവേള എടുക്കേണ്ടി വന്നു ഈ കലാകാരിക്ക്. മക്കളായ അഭിരാമി, വിഷ്ണു ദാസ് നൽകിയ പ്രോത്സാഹനം കാരണമാണ് നാടക രംഗത്തേയ്ക്ക് വീണ്ടും സജീവമാകുന്നത്. കുടുംബശ്രീയുടെ രംഗശ്രീയിൽ ചേർന്ന് ധാരാളം തെരുവ് നാടകങ്ങൾ ചെയ്തു സജീവമായി. ഇറ്റ്ഫോക്കിന്റെ ഭാഗമായി കിലയിൽ നടക്കുന്ന നാടക വർക്ക്ഷോപ്പിലും പ്രഭാവതി പങ്കെടുക്കുന്നുണ്ട്.

Related Posts