ന്യൂയോർക്കിൽ ബ്രൂക്ക്ലിൻ സബ്‌വേയിൽ ഗ്യാസ് മാസ്ക് ധരിച്ച തോക്കുധാരി കൂട്ട വെടിവെപ്പ് നടത്തി; 20-ലേറെപ്പേർക്ക് പരിക്ക്

ന്യൂയോർക്കിൽ ബ്രൂക്ക്ലിൻ സബ്‌വേയിൽ ഗ്യാസ് മാസ്‌ക് ധരിച്ച ഒരു തോക്കുധാരി കൂട്ട വെടിവെപ്പ് നടത്തി. 20-ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെ ഇതുവരെ പിടികൂടിയിട്ടില്ല. 33 തവണയാണ് അക്രമി വെടിയുതിർത്തതെന്ന് ന്യൂയോർക്ക് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ പി റിപ്പോർട്ട് ചെയ്തു.

അതിരാവിലെ തിരക്കേറിയ സമയത്താണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സബ്‌വേയിൽ അഴിഞ്ഞാടിയ തോക്കുധാരി സ്മോക്ക് ബോംബ് പൊട്ടിച്ചതിന് ശേഷമാണ് വെടിവെപ്പിലേക്ക് തിരിഞ്ഞത്. യാത്രക്കാർ തലങ്ങും വിലങ്ങും ഓടുകയും സബ്‌വേയിലാകെ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

നിയോൺ ഓറഞ്ച് നിറത്തിലുള്ള വെസ്റ്റും ചാരനിറത്തിലുള്ള സ്വെറ്ററും ധരിച്ച ആളാണ് അക്രമം നടത്തിയത്. കരുത്തുറ്റ ശരീര പ്രകൃതിയാണ് അക്രമിക്കുള്ളതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനുശേഷം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റ് സംശയിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്രാങ്ക് ജെയിംസ് എന്നാണ് പേര്.

20-ലധികം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റതെന്ന് പൊലീസ് മേധാവി പറഞ്ഞു. പത്ത് പേർക്ക് വെടിവെപ്പിലാണ് പരിക്കേറ്റത്. 13 പേർക്ക് പുക ശ്വസിച്ചും കൂട്ടിയിടിയിലും മറ്റുമാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു.

Related Posts