ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് മുൻ ക്രിക്കറ്റർ വിനോദ് കാംബ്ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ അംഗം വിനോദ് കാംബ്ലി സൈബർ തട്ടിപ്പിന് ഇരയായി. 1.14 ലക്ഷം രൂപയാണ് കാംബ്ലിയിൽ നിന്ന് തട്ടിയെടുത്തത്.

അക്കൗണ്ടുള്ള ബാങ്കിലെ എക്സിക്യൂട്ടീവ് എന്ന വ്യാജേന തട്ടിപ്പുകാരൻ കാംബ്ലിയെ ഫോൺ ചെയ്യുകയായിരുന്നു. കെ വൈ സി വിവരങ്ങൾ പുതുക്കണമെന്നും അതിനായി ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു. കെ വൈ സി വിവരങ്ങൾ ഉടനടി പുതുക്കിയില്ലെങ്കിൽ കാർഡ് ഡിആക്റ്റിവേറ്റഡ് ആവും എന്ന മുന്നറിയിപ്പിൽ അദ്ദേഹം വീണുപോയി. തട്ടിപ്പുകാരൻ ആവശ്യപ്പെട്ട പ്രകാരം 'എനി ഡസ്ക് 'എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തു. അതോടെ അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തി, സംസാരം തുടരുന്നതിനിടയിൽ തന്നെ പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

അബദ്ധം പിണഞ്ഞെന്ന് തിരിച്ചറിഞ്ഞ മുൻ ക്രിക്കറ്റർ ബാന്ദ്ര പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പുകഥ പുറം ലോകം അറിയുന്നത്. സൈബർ പൊലീസിൻ്റെ സത്വര നടപടിയിലൂടെ പണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

Related Posts