ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴയുടെ അവസ്ഥ മാറുകയാണ്. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെയും ഇന്ന് രാവിലെയും സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. കോഴിക്കോട് ഉറുമി പുഴയിൽ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ ഉരുൾപൊട്ടലുണ്ടായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും കനത്ത മഴ പെയ്തു.