ജീവിത യാത്രയിൽ മോഹനയെ തനിച്ചാക്കി വിജയൻ യാത്രയായി

കൊച്ചി: ചായക്കടയിലെ വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ കൊച്ചിയിലെ കെ ആർ വിജയൻ ( ബാലാജി) എന്ന ഹോട്ടലുടമ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം ഗാന്ധിനഗറിലാണ് വിജയന്റെ ശ്രീ ബാലാജി കോഫി ഹൗസ്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യ മോ​ഹനയ്ക്കൊപ്പം നടത്തിയ ലോക യാത്രകളാണ് വിജയനെ മലയാളികൾക്ക് സുപരിചിതനാക്കിയത്

2007ല്‍ ഈജിപ്തിലേക്കായിരുന്നു ബാലാജിയുടെ ആദ്യ വിദേശ യാത്ര. ഭാര്യയ്ക്കൊപ്പം മുപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ചായ കടയിലെ സമ്പാദ്യവും ചിട്ടി പിടിച്ചു കിട്ടിയ പണവും ചിലപ്പോൾ കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായി അവർ ലോക സഞ്ചാരത്തിനായി ഇറങ്ങുമായിരുന്നു. തിരികെ വന്നു ആ കടം വീട്ടാനായി അധ്വാനിക്കും. ആ കടം വീട്ടി കഴിഞ്ഞാൽ പിന്നെ അടുത്ത യാത്രക്കുള്ള തയാറെടുപ്പിന്റെ തിരക്കിലായിരിക്കും ഈ ദമ്പതികൾ.

കോഫി ഷോപ്പില്‍ മറ്റു ജോലിക്കാരെ ആരെയും നിര്‍ത്താതെ എല്ലാ ജോലികളും ഈ ദമ്പതികള്‍ തനിച്ചു തന്നെയാണ് ചെയ്തിരുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര വിജയന്‍-മോഹന ദമ്പതികളുടെ കഥ ട്വിറ്ററിലൂടെ പങ്കുവെച്ചതെ തുടർന്നാണ്‌ സോഷ്യല്‍ മീഡിയിലൂടെ ഈ ദമ്പതികൾ മലയാളികൾക്ക് സുപരിചിതരായത്.

Related Posts