ഹോളിവുഡ് സിനിമകളെ കടത്തിവെട്ടി ലോകത്തെ മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ സര്‍പട്ട പരമ്പരൈയും മിന്നല്‍ മുരളിയും
ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി മികച്ച സിനിമകളാണ് കഴിഞ്ഞ വർഷം പ്രേക്ഷകരിലേക്ക് എത്തിയത്. നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്ത മലയാളം സിനിമ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് മിന്നൽമുരളി. ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കിയാണ് മിന്നല്‍ മുരളിയുടെ മുന്നേറ്റം. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സര്‍പ്പട്ട പരമ്പരൈയും പട്ടികയില്‍ സ്ഥാനം നേടി. ഹോളിവുഡിലെ വന്‍ ബജറ്റ് ചിത്രങ്ങള്‍ക്കൊപ്പമാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ രണ്ട് ചിത്രങ്ങൾ പട്ടികയിൽ സ്ഥാനം കണ്ടെത്തിയത്. ലോക സിനിമയില്‍ നിന്ന് നടത്തിയ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനമാണ് സര്‍പ്പട്ട പരമ്പരൈ നേടിയത്. ഒന്‍പതാം സ്ഥാനത്താണ് മിന്നല്‍ മുരളി.
2021ലെ ഏറ്റവും റേറ്റിങ് നേടി ആക്ഷന്‍ അഡ്വഞ്ചര്‍ ഇന്റര്‍നാഷണല്‍ സിനിമകളുടെ ടോപ് ടെന്‍ ലിസ്റ്റിലാണ് രണ്ട് ചിത്രങ്ങളും ഉള്‍പ്പെട്ടത്. ഒക്ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൂവീസ് സെന്‍ട്രിക് സോഷ്യല്‍ പ്ലാറ്റ്‌ഫോം ആയ ലെറ്റര്‍ ബോക്‌സ്ഡ് ആണ് പട്ടിക തയാറാക്കിയത്.
സ്‌പൈഡര്‍മാന്‍; നോ വേ ഹോം ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണാണ് രണ്ടാം സ്ഥാനത്ത്. ദി ലാസ്റ്റ് ഡ്യുവല്‍, ഷാങ് ചി ആന്‍ഡ് ദി ലെജന്റ് ഓഫ് ദി ടെന്‍ റിങ്‌സ്, സൂയ്‌സൈഡ് സ്‌ക്വാഡ് എന്നിവരെ പിന്നിലാക്കിയാണ് സര്‍പ്പട്ടൈ പരമ്പരൈയ മൂന്നാം സ്ഥാനം നേടിയത്. നോ ടൈം ടു ഡൈ, വെനം, ബ്ലാക്ക് വിന്‍ഡോ, ഫ്രീ ഗൈ തുടങ്ങിയ വമ്പന്മാരാണ് പിന്‍തള്ളിയാണ് മിന്നല്‍ മുരളിയും സര്‍പട്ട പരമ്പരൈയും ലിസ്റ്റിൽ കയറിയത്.