യുക്രൈന്‍ ജനത നേരിടുന്ന പീഡനത്തില്‍ അവര്‍ക്കൊപ്പമെന്ന് മാര്‍പാപ്പ
ഉക്രൈൻ ജനതയുടെ പീഡനങ്ങളിൽ അവർക്കൊപ്പം നിൽക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. തന്റെ ഹൃദയം എപ്പോഴും അവരോടൊപ്പമുണ്ടായിരുന്നു. ബോംബാക്രമണങ്ങൾ തുടർച്ചയായി നടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കൊപ്പം ഞാൻ നിലകൊള്ളുന്നു, ബുധനാഴ്ച ഒരു പ്രാർത്ഥനാ യോഗത്തിൽ മാർപാപ്പ പറഞ്ഞു. യുദ്ധം നിയന്ത്രിക്കുന്നവരോട് അക്രമം അവസാനിപ്പിക്കാനും സമാധാനപരമായ സഹവർത്തിത്വം പുനസ്ഥാപിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. ഉക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതു മുതൽ സമാധാനത്തിനും യുദ്ധത്തിൽ നിന്ന് പിൻമാറാനും മാർപാപ്പ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. യുദ്ധം ആണവ സംഘട്ടനങ്ങളിലേക്ക് നീങ്ങുമെന്ന ഭയവും പോപ്പ് മറച്ചുവയ്ക്കുന്നില്ല. എന്നാൽ റഷ്യൻ പ്രസിഡന്‍റിന്‍റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ വൈകുന്നതിൽ മാർപാപ്പയ്ക്കെതിരെ വിമർശനമുയർന്നിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ട് നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനോട് അക്രമം അവസാനിപ്പിക്കാൻ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ വിശദീകരിച്ചു. ഉക്രൈനിലെ നാല് പ്രദേശങ്ങൾ റഷ്യ പിടിച്ചെടുത്തതിനെ തുടർന്നാണിത്.