മിന്നൽ മുരളി യുഎസിൽ, അയൺമാനും അക്വാമാനുമായും കൂടിക്കാഴ്ച; കുറുക്കന്‍ മൂലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം; വൈറലായി മിന്നൽ ചോദ്യപേപ്പർ
മലയാളത്തിന്റെ സൂപ്പർഹീറോ ആയി എത്തി ലോകം തന്നെ കീഴടക്കിയ ചിത്രമാണ് ബേസിൽ ജോസഫിന്റെ മിന്നൽ മുരളി. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ചിത്രം വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. അതിനു പിന്നാലെ റോഡ് സുരക്ഷയ്ക്കും സ്ത്രീ സുരക്ഷയ്ക്കുമെല്ലാം മിന്നൽ മുരളിയെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു എൻജിനീയറിങ് കോളജിലെ മിന്നൽ ചോദ്യപേപ്പറാണ്.
മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ചോദ്യപേപ്പറിലുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് അടക്കം നിരവധി പേരാണ് ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ദേശം , കണ്ണാടിക്കൽ , കുറുക്കൻമൂല എല്ലാം ഉണ്ട്- എന്ന കുറിപ്പിലാണ് ബേസിൽ ചോദ്യപേപ്പർ പങ്കുവച്ചത്.
കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി നിറഞ്ഞു നിൽക്കുന്നത്.
മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നതും അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുനന്നതുമാണ് ചോദ്യപേപ്പറിലുള്ളത്. കൂടാതെ കുറുക്കന്‍ മൂലയിലെ കുടിവെള്ള പ്രശ്നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നതിനെക്കുറിച്ചും ചോദ്യമുണ്ട്.
പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനാണ് ഇത്തരം പരീക്ഷണങ്ങൾ എന്ന് കോളജിലെ മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. കുര്യന്‍ ജോണ്‍ പറഞ്ഞു. നേരത്തെയും ഇത്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും, എന്നാല്‍ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷ ചോദ്യപേപ്പര്‍ കണ്ട മിന്നല്‍ മുരളി സംവിധായകന്‍ ബേസില്‍ ജോസഫ് ഫോണില്‍ വിളിച്ച് സംസാരിച്ചതായും കുര്യന്‍ ജോണ്‍ പറഞ്ഞു.