തൃക്കാക്കരയില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിച്ചു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25,015 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിൻ്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫിനായി ഉമാ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എ എൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖര്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആറു റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഉമാ തോമസ്, ഭർത്താവും മുൻ എംഎൽഎയുമായ പി ടി തോമസിന്റെ ഭൂരിപക്ഷം പിന്നിട്ടിരുന്നു. 14,239 ആയിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. തപാൽ വോട്ടുകളിൽ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.