തൃശൂരിൽ കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാൾ മരിച്ചു
കെ എസ് ആർ ടി സി കെ സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.
നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞു. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും.
കെ എസ് ആർ ടി സിയുടെ കെ-സ്വിഫ്റ്റ് ബസ് ഇതിന് മുൻപ് രണ്ട് തവണ അപകടത്തിൽപ്പെട്ടിരുന്നു. ആദ്യമുണ്ടായ അപകടത്തിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകുമെന്നും കെഎസ്ആർടിസി എം ഡി ബിജു പ്രഭാകർ പ്രതികരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയാണെന്നും അടിയന്തര അന്വേഷണം വേണമെന്നുമാണ് കെഎസ്ആർടിസി എം ഡി പറഞ്ഞത്.