ഉത്തർപ്രദേശിൽ സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് കോൺഗ്രസ്, ജാതി സമവാക്യങ്ങളിൽ ശ്രദ്ധയൂന്നി മറ്റ് പാർട്ടികൾ
മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്ന് വ്യത്യസ്തമായി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത് സ്ത്രീ വോട്ടർമാരെ. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വം സ്ത്രീ വോട്ടർമാരെ ഏറെ സ്വാധീനിക്കും എന്ന വിലയിരുത്തലാണുള്ളത്. സ്ത്രീകൾക്ക് മാത്രമായി പ്രത്യേകമായ ഒരു പ്രകടനപത്രികയാണ് പുറത്തിറക്കിയിരിക്കുന്നത്. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവെച്ചിട്ടുണ്ട്.
മറ്റ് പാർട്ടികളെല്ലാം പതിവുപോലെ ജാതി സമവാക്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. യാദവ സമുദായത്തോടൊപ്പം യാദവേതര ഒബിസി വിഭാഗങ്ങളിലും ദളിതുകളിലും പ്രതീക്ഷ വെച്ചുകൊണ്ടാണ് സമാജ് വാദി പാർട്ടി കരുക്കൾ നീക്കുന്നത്. ബിഎസ്പി ഒരേ സമയം ബ്രാഹ്മണ, ദളിത് വിഭാഗങ്ങളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ്. ഭരണകക്ഷിയായ ബിജെപി ബ്രാഹ്മണരെയും ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു.
സ്ത്രീകൾക്കെതിരായ, പ്രത്യേകിച്ച് ദളിത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ പ്രചാരണങ്ങൾ ദളിതുകളെ പൊതുവെയും സ്ത്രീകളെ പ്രത്യേകമായും ഒപ്പം നിർത്താൻ സഹായിക്കും എന്ന കണക്കുകൂട്ടലാണുള്ളത്. സർക്കാർ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, 12-ാം ക്ലാസ്സിലെത്തുന്ന പെൺകുട്ടികൾക്ക് സ്മാർട് ഫോൺ, ബിരുദ വിദ്യാർഥിനികൾക്ക് സ്കൂട്ടി തുടങ്ങിയ വാഗ്ദാനങ്ങളും സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ സഹായിക്കും എന്നാണ് കോൺഗ്രസ്സിൻ്റെ പ്രതീക്ഷ.