പ്രമേഹ കഞ്ഞിയുടെയും കഞ്ഞിക്കൂട്ടിൻ്റെയും വിതരണോദ്ഘാടനം നിർവഹിച്ചു

പ്രമേഹ രോഗികൾക്കുള്ള പ്രമേഹ കഞ്ഞിയുടെയും പ്രമേഹ കഞ്ഞിക്കൂട്ടിൻ്റെയും വിതരണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. നല്ല ഭക്ഷണത്തിന് ആവശ്യമായ ഉൽപന്നങ്ങളിലേയ്ക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് മന്ത്രി പറഞ്ഞു. ജീവിത ശൈലീ രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അതിനെ മറികടക്കാനുള്ള ശ്രമങ്ങളുണ്ടാകണം. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിൻ്റെ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേർത്തു. ബാഹ്യമായ ശുചിത്വത്തിനൊപ്പം ആന്തരികമായ വൃത്തിക്ക് നല്ല ഭക്ഷണം ശീലമാക്കണമെന്ന് മുഖ്യാതിഥിയും ചലച്ചിത്ര താരവുമായ ജയരാജ് വാര്യർ പറഞ്ഞു. പ്രമേഹ രോഗത്തിൻ്റെയും ജീവിത ശൈലീ രോഗങ്ങളുടെയും വ്യാപനം തടയാനുള്ള ശ്രമമാണിതെന്നും ഈ പ്രമേഹക്കൂട്ട് എല്ലാവരിലും ഫലവത്താകട്ടെ എന്നും അദ്ധേഹം ആശംസിച്ചു.

"ആഹാരത്തിലൂടെ ആരോഗ്യം" എന്ന ആപ്തവാക്യത്തോടെ  ഓയിസ്ക ഇന്റർനാഷണലിൻ്റെയും കുടുംബശ്രീ സംരംഭമായ ഐഫ്രത്തിൻ്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നടുവിലാൽ, വുമൺ ഫുഡ്‌ കോർട്ടിൽ നടന്ന ചടങ്ങിൽ ഓയിസ്ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.കെ എസ് രജിതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധ സസ്യ ബോർഡ് സി ഇ ഒ ഡോ.ടി കെ ഹൃദീക്, കുടുംബശ്രീ ഡി എം സി കെ വി ജ്യോതിഷ് കുമാർ, ഐഫ്രം സി ഇ ഒ കെ പി അജയകുമാർ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു.

Related Posts